www.ranjithkumarak.blogspot.in
************************
2017 മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയുടെ ഫലം മേയ് 31ന് പ്രസിദ്ധീകരിക്കും. അന്ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ www.keralaresults.nic.in, www.dhsekerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. Dt.27.5.2017.
************************
സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിനുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തൊണ്ണൂറ്റിയേഴു ശതമാനം പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. പദ്ധതിയില്‍പെട്ട സ്‌കൂളുകളില്‍ ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ്, മള്‍ട്ടിമീഡിയ പ്രൊജക്റ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരിക്കും ഇനി അധ്യാപനം. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാത്ത വിദൂരസ്ഥലങ്ങളിലുള്ള മൂന്നു ശതമാനം സ്‌കൂളുകളിലാണ് ഇനി പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ളത്. അതും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും പുതിയ അധ്യനവര്‍ഷത്തില്‍ കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം നടത്താനാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എട്ടുമുതല്‍ പന്ത്രണ്ടുവരെയുള്ള 4775 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലായി 45,000 ക്ലാസ് മുറികളാണ് ഹൈടെക്കാക്കാനും ഐടി ലാബുകള്‍ സ്ഥാപിക്കുന്നതിനുമുള്ള പ്രവൃത്തികള്‍ നടന്നു വരുന്നത്. എട്ട് ഒമ്പത്, പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്കായി 400 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഒന്നുമുതല്‍ ഏഴു വരെയുള്ള പ്രൈമറി ക്ലാസുകളിലും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനബോധനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഐടി@സ്‌കൂളിന്റെ നേതൃത്വത്തില്‍ ഐസിടി സഹായകപഠനം ആരംഭിച്ച അതേ മാതൃകയില്‍ത്തന്നെയാണ് ഈ അധ്യയന വര്‍ഷം മുതല്‍ പ്രൈമറി അപ്പര്‍ പ്രൈമറി തലങ്ങളിലും ഐസിടി സഹായകപഠനം ആരംഭിക്കുന്നത്. അധ്യാപകപരിശീലനം, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം, ഐസിടി പാഠപുസ്തകങ്ങള്‍, ഡിജിറ്റല്‍ ഉള്ളടക്കം എന്നിവ പൂര്‍ത്തിയായിക്കഴിഞ്ഞതിനുശേഷമാണ് ഐസിടി പശ്ചാത്തല സൗകര്യങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്നത്. സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. 32,100 എല്‍.പി. സ്‌കൂള്‍ അധ്യാപകരും 38,502 യു.പി. സ്‌കൂള്‍ അധ്യാപകരുമടക്കം പരിശീലനം ലഭിച്ച 70,602 എല്‍.പി/യുപി അധ്യാപകരാണ് പുതിയ അധ്യനവര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളിലെത്തുന്നത്. അമ്പതു കുട്ടികളുള്ള ഒരു സ്‌കൂളില്‍ രണ്ട് കമ്പ്യൂട്ടറും ഒരു മള്‍ട്ടി മീഡിയ പ്രൊജക്ടറും നൂറു കുട്ടികളുള്ള സ്‌കൂളില്‍ നാല് കമ്പ്യൂട്ടറും രണ്ട് മള്‍ട്ടി മീഡിയ പ്രൊജക്ടറും, 200 കുട്ടികളുള്ള സ്‌കൂളില്‍ ആറ് കമ്പ്യൂട്ടറും രണ്ട് മള്‍ട്ടി മീഡിയ പ്രൊജക്ടറും, 300 കുട്ടികളുള്ള സ്‌കൂളില്‍ എട്ട് കമ്പ്യൂട്ടറും മൂന്ന് മള്‍ട്ടി മീഡിയ പ്രൊജക്ടറും, 400 കുട്ടികളുള്ള സ്‌കൂളില്‍ പത്ത് കമ്പ്യൂട്ടറും നാല് മള്‍ട്ടി മീഡിയ പ്രൊജക്ടറും, 500 കുട്ടികളുള്ള സ്‌കൂളില്‍ 12 കമ്പ്യൂട്ടറും അഞ്ച് മള്‍ട്ടി മീഡിയ പ്രൊജക്ടറും അഞ്ഞൂറിനു മുകളില്‍ കുട്ടികളുള്ള സ്‌കൂളില്‍ 15 കമ്പ്യൂട്ടറും ആറ് മള്‍ട്ടി മീഡിയ പ്രൊജക്ടറും ലഭ്യമാക്കും. ഇതിനുപുറമേ സൗകര്യമുള്ള സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍, മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം തുടങ്ങിയവയും ഏര്‍പ്പെടുത്തും. ഇതിന്റെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ജൂലൈ മാസത്തില്‍ കിഫ്ബിക്ക് സമര്‍പ്പിക്കും. ജൂണ്‍ മുതല്‍ തന്നെ ഇതിനുള്ള സര്‍വേ ഐടി @ സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് 9,377 സ്‌കൂളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്ത് സമാനതകളില്ലാത്ത ഈ സൗകര്യങ്ങള്‍ സംസ്ഥാനത്തെ ഓരോ കുട്ടിക്കും ഉറപ്പാക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക് വിവിധ വിഷയങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിക്കാനുതകുന്ന ഇ@വിദ്യ, എന്ന പുസ്തകവും ഓപ്പറേറ്റിംഗ് സിസ്റ്റവും ഡിജിറ്റല്‍ ഉള്ളടക്കവുമടങ്ങുന്ന ഡി.വി.ഡി.യും മുരുകന്‍ കാട്ടാക്കട രചിച്ച പ്രവേശന ഗീത സിഡിയും മന്ത്രി പ്രകാശനം ചെയ്തു. സാങ്കേതികവിദ്യയുടെ സഹായത്താല്‍ എങ്ങനെ പഠിപ്പിക്കാം എന്നു പ്രതിപാദിക്കുന്ന ഈ പുസ്തകങ്ങള്‍ എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ലഭിക്കും. ഇതോടെ ഏഷ്യയിലെ ആദ്യത്തെ ത്രീഡി ക്ലാസ് റൂമുകളായി നമ്മുടെ ക്ലാസ് റൂമുകള്‍ മാറുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ബിഎസ്എന്‍എല്‍ ആണ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണിക്ക് ഇതിന്റെ സര്‍ട്ടിഫിക്കറ്റ് മന്ത്രി കൈമാറി. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, എസ്.എസ്.എ ഡയറക്ടര്‍ ഡോ. കുട്ടികൃഷ്ണന്‍, മുഖ്യമന്ത്രിയുടെ വികസന കാര്യ ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.Dt.26.5.2017.
************************
ബാങ്ക് മുഖേന പെന്‍ഷന്‍ വാങ്ങുന്ന സ്റ്റേറ്റ് സര്‍വ്വീസ്/പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരണം, പെന്‍ഷന്‍ കുടിശ്ശികയുടെ ഒന്നാം ഘട്ട ഗഡുവിന്റെ വിതരണം എന്നിവ സംബന്ധിച്ചുള്ള പരാതികളും അപേക്ഷകളും പെന്‍ഷന്‍കാര്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ക്കോ സൗകര്യ പ്രദമായ ഏതു ട്രഷറിയിലും സമര്‍പ്പിക്കാമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. ഇത്തരം അപേക്ഷകള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുകയും, ട്രഷറി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച ക്രമീകരണങ്ങളുടെ സംസ്ഥാനതല ചുമതല ട്രഷറി ഡയറക്ടറേറ്റിലെ പിംസ് സെക്ഷനായിരിക്കും. ബന്ധപ്പെടേണ്ട നംപര്‍ - 9496000192, 9496000399.Dt.26.5.2017.
************************
ജൂണില്‍ നടക്കുന്ന രണ്ടാം വര്‍ഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഇതുവരെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് (മെയ് 27) ഉച്ചയ്ക്ക് രണ്ട് മണിവരെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാമെന്ന് ഹയര്‍സെക്കണ്ടറി പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.Dt.26.5.2017.
************************
ജൂണില്‍ നടക്കുന്ന രണ്ടാം വര്‍ഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് മേയ് 27 ഉച്ചയ്ക്ക് രണ്ട് മണിവരെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. Dt.25.5.2017.
************************
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ടവര്‍-ഒ.ഇ.സി മാത്രം, (മുന്നാക്ക/പിന്നാക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) എന്നിവര്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷകളില്‍ അറുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോറങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും. എസ്.എസ്.എല്‍.സി ബുക്കിലെ ജനനത്തീയതി, ജാതി എന്നിവ രേഖപ്പെടുത്തിയ പേജിന്റെയും മാര്‍ക്കുകള്‍ രേഖപ്പെടുത്തിയ പേജിന്റെയും ശരിപ്പകര്‍പ്പുകള്‍/ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അയയ്ക്കണം. സ്‌കൂളിലെ ഹെഡ്മാസ്റ്ററോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയിരിക്കണം. സ്വന്തം മേല്‍വിലാസം എഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം ജൂണ്‍ 30 ന് മുമ്പ് കോര്‍പ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് റീജിയണല്‍ ഓഫീസുകളില്‍ ലഭിക്കണം. ഈ വിഭാഗങ്ങളില്‍പ്പെട്ട അന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായവും നല്‍കും. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി ആദ്യ ചാന്‍സില്‍ തന്നെ സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് അര്‍ഹത. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 - 2336472, 0481 - 2563786, 0495 - 2367331.Dt.25.5.2017.
************************
മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായ മദ്രസാധ്യാപകര്‍ക്ക് ചികിത്സാ ധനസഹായം പ്രഖ്യാപിച്ച് ഉത്തരവായി. ന്യൂനപക്ഷ ക്ഷേമവകുപ്പാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സാധാരണ രോഗങ്ങള്‍ക്ക് 5000 രൂപയും ഗുരുതരരോഗങ്ങള്‍ക്ക് 25000 രൂപയും ചികിത്സാധനസഹായം ഒറ്റത്തവണയായി നല്‍കാനാണ് ഉത്തരവ്. ഇതാദ്യമായാണ് മദ്രസാധ്യാപകര്‍ക്ക് ചികിത്സാ ധനസഹായം പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു. മദ്രസാധ്യാപക ക്ഷേമനിധിയില്‍ പുതുതായി അന്‍പതിനായിരം പേരെ ചേര്‍ക്കുന്നതിനായി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജൂലൈ ഒന്നു മുതല്‍ 20 വരെ നടത്താനും സര്‍ക്കാര്‍ തീരുമാനമായി. ഇതിനായി മദ്രസകള്‍, പളളികള്‍, മറ്റ് മതപഠനശാലകള്‍, തുടങ്ങിയവ വഴി ആവശ്യമായ പ്രചാരണം നടത്തും. Dt.24.5.2017.
************************
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്‍.പി, യു.പി ക്ലാസുകളില്‍ ഐ.സി.ടി സഹായ പഠനം നടപ്പാക്കുന്നതിന്റെ സംസ്ഥാനതല പ്രഖ്യാപനം 26ന് രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് സെക്രട്ടേറിയറ്റ് പി.ആര്‍.ചേംബറില്‍ നിര്‍വഹിക്കും.Dt.24.5.2017.
************************
സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശ നിയമം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ അപ്‌ഗ്രേഡ് ചെയ്യുന്നതിനുമുള്ള സ്ഥല നിര്‍ണയ കരട് വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും വിജ്ഞാപനം ലഭ്യമാണ്. Dt.24.5.2017.
************************
പുതിയ അധ്യയന വര്‍ഷത്തെ കോളേജ് വിദ്യാഭ്യാസ വകുപ്പിലെ വിവിധ വിഭാഗം അധ്യാപകരുടെ പൊതുസ്ഥലംമാറ്റ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതിന്മേലുളള ആക്ഷേപം മേയ് 30നകം നേരിട്ടോ, ബന്ധപ്പെട്ട പ്രിന്‍സിപ്പാള്‍ മുഖാന്തരമോ, ഇ-മെയില്‍ വഴിയോ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. പട്ടിക www.collegiateedu.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. Dt.23.5.2017.
************************
എസ്.സി.ഇ.ആര്‍.ടിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്, വിതുര പഞ്ചായത്തുകളിലെ യു.പി സ്‌കൂളുകളില്‍ പഠിക്കുന്ന പഠന പിന്നാക്കാവസ്ഥയിലുളള കുട്ടികള്‍ക്കായി വ്യക്തിഗത ബോധനം നടത്തുന്നതിന് താത്പര്യവും, അനുഭവസമ്പത്തുമുളള യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ അസല്‍ രേഖകള്‍ സഹിതം മേയ് 26ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് എസ്.സി.ഇ.ആര്‍.ടിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍ ലഭ്യമാണ്. (www.scert.kerala.gov.in) യോഗ്യത. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ബി.എഡ്/ബി.എഡ്, റ്റി.റ്റി.സി. വേതനം പ്രതിമാസം പതിനായിരം രൂപ. Dt.23.5.2017.
************************
2017-18 അധ്യയന വര്‍ഷത്തെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ 242 വാല്യം 1 പാഠപുസ്തകങ്ങളുടെ വില സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി. പാഠപുസ്തകങ്ങളുടെ വില ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി @ സ്‌കൂളിന്റെയും വെബ്‌സൈറ്റിലും പരസ്യപ്പെടുത്തിയിട്ടുണ്ടെന്ന് പാഠപുസ്തക ഓഫീസര്‍ ഇന്‍-ചാര്‍ജ് അറിയിച്ചു. Dt.23.5.2017.
************************
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ടവര്‍-ഒ.ഇ.സി മാത്രം, (മുന്നാക്ക/പിന്നാക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) എന്നിവര്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷകളില്‍ അറുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോറങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും. എസ്.എസ്.എല്‍.സി ബുക്കിലെ ജനനത്തീയതി, ജാതി എന്നിവ രേഖപ്പെടുത്തിയ പേജിന്റെയും മാര്‍ക്കുകള്‍ രേഖപ്പെടുത്തിയ പേജിന്റെയും ശരിപ്പകര്‍പ്പുകള്‍/ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അയയ്ക്കണം. സ്‌കൂളിലെ ഹെഡ്മാസ്റ്ററോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയിരിക്കണം. സ്വന്തം മേല്‍വിലാസം എഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം ജൂണ്‍ 30 ന് മുമ്പ് കോര്‍പ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് റീജിയണല്‍ ഓഫീസുകളില്‍ ലഭിക്കണം. ഈ വിഭാഗങ്ങളില്‍പ്പെട്ട അന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായവും നല്‍കും. ഉയര്‍ന്ന മാര്‍ക്ക് വാങ്ങി ആദ്യ ചാന്‍സില്‍ തന്നെ സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് അര്‍ഹത. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 - 2336472, 0481 - 2563786, 0495 - 2367331. Dt.23.5.2017.
************************
സംസ്ഥാന സര്‍ക്കാരിന്റെ മഴവെള്ള സംഭരണം-ഭൂജല പരിപോഷണം പരിപാടി നടത്തിപ്പിന് 2017-18 ലെ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍ ഏജന്‍സിയുടെ മഴകേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ മുഖാന്തിരം വ്യക്തിഗത കുടുംബങ്ങളിലും, സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലും മഴവെള്ള സംഭരണികളുടെ നിര്‍മാണം, ഗ്രാമപഞ്ചായത്തുകളില്‍ മാതൃക മഴവെള്ള സംഭരണികളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിംഗ്, പൊതുസ്ഥാപനങ്ങളിലെ നിലവിലുള്ള മഴവെള്ളസംഭരണകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയാണ് നടപ്പിലാക്കുക. കുടിവെള്ളക്ഷാമമുള്ള ഗ്രാമപഞ്ചായത്തുകള്‍ക്കും, വിദ്യാലയങ്ങള്‍ക്കും മഴവെള്ളസംഭരണകളുടെ അറ്റകുറ്റപ്പണികള്‍ക്കായും പൊതുസ്ഥാപനങ്ങള്‍ക്കും ആനുകൂല്യത്തിന് അപേക്ഷിക്കാം. വ്യക്തിഗത മഴവെള്ളസംഭരണികളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിംഗ്, മാതൃകമഴവെള്ള സംഭരണിയുടെ നിര്‍മാണം എന്നിവയ്ക്ക് ആനുകൂല്യത്തിനായി ഗ്രാമപഞ്ചായത്തുകള്‍ അപേക്ഷയോടൊപ്പം ഭരണസമിതിയുടെ തീരുമാനം കൂടി സമര്‍പ്പിക്കണം. നിലവിലുള്ള മഴവെള്ള സംഭരണകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പൊതുസ്ഥാപനങ്ങള്‍ക്കും, മഴവെള്ള സംഭരണി ആവശ്യമുള്ള വിദ്യാലയങ്ങള്‍ക്കും നേരിട്ടും അപേക്ഷിക്കാം. പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ളസംഭരണികള്‍ ഗുണഭോക്തൃവിഹിതം സമാഹരിച്ച് പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് നടപ്പിലാക്കുന്നത്. മലയോര-തീരദേശ ഗ്രാമപഞ്ചായത്തുകള്‍ക്ക് മുന്‍ഗണനയുണ്ട്. ഇതിനോടകം സഹായം ലഭിച്ച ഗ്രാമപഞ്ചായത്തുകളും വിദ്യാലയങ്ങളും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ജൂണ്‍ എട്ട് വൈകിട്ട് അഞ്ച് മണിയ്ക്കകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കെ.ആര്‍.ഡബ്ല്യു.എസ്.എ, മഴകേന്ദ്രം, പി.ടി.സി ടവര്‍, മൂന്നാംനില, എസ്.എസ്. കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം-1 വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 - 2320848, 2337003, 9447829049. വെബ്‌സൈറ്റ് : www.jalanidhi.kerala.gov.in.Dt.21.5.2017.
************************
പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ഏകോപിപ്പിക്കാനും ശാസ്ത്രീയമായി പരിപോഷിപ്പിക്കാനും എസ്.സി.ഇ.ആര്‍.ടി തയാറാക്കിയ 'കളിപ്പാട്ടം' അധ്യാപക പ്രവര്‍ത്തന പുസ്‌കത്തിന്റെ പ്രകാശനം നാളെ (മേയ് 22) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പഠനത്തിന് തയാറാക്കിയ എട്ടുപുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. രാവിലെ 11ന് കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. Dt.21.5.2017.
************************
കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കളിപ്പാട്ടം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രീ സ്‌കൂള്‍ വിദ്യഭ്യാസത്തിന്റെ ഏകോപനത്തിനും ശാസ്ത്രീയ പരിപോഷണത്തിനുമാണ് വിദ്യാഭ്യാസ വകുപ്പ് കളിപ്പാട്ടം എന്ന കൈപ്പുസ്തകം തയ്യാറാക്കിയത്. കൂടാതെ ബുദ്ധിപര വെല്ലുവിളികള്‍ നേരിടുന്ന കുട്ടകള്‍ക്കായി എട്ട് കൈപ്പുസ്തകങ്ങളും മറ്റ് എട്ടെണ്ണം അധ്യാപകര്‍ക്കായും തയ്യാറാക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായിരിക്കും. ആരോഗ്യ മന്ത്രി കെ. കെ. ശൈലജയാണ് പുസ്തകം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റു വാങ്ങുക. ഇന്ന് (മേയ് 22) രാവിലെ 11 മണിക്കാണ് പുസ്തക പ്രകാശനം. Dt.21.5.2017.
************************
ഹയര്‍സെക്കന്‍ഡറി പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യ പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഇന്റഗ്രേറ്റഡ് വി. എച്ച്. എസ്. ഇ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. 22നകം ഓണ്‍ലൈനായി www.vhsecap.kerala.gov.inല്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 6636969. Dt.20.5.2017.
************************
സംസ്ഥാനത്തെ സര്‍ക്കാര്‍ /എയ്ഡഡ്/സ്വാശ്രയ മേഖലയിലെ റ്റി.റ്റി.ഐ.കളില്‍ 2017-2019 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍ (ഡി.എഡ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 31 ന് വൈകിട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് ലഭിക്കണം. വിജ്ഞാപനത്തിന്റെയും അപേക്ഷാ ഫാറത്തിന്റെയും പൂര്‍ണ്ണവിവരങ്ങള്‍ www.eduction.kerala.gov.in എന്ന വെബ്‌സൈറ്റിലും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളിലും ലഭിക്കും.Dt.18.5.2017.
************************
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/സമാന തസ്തികയിലേക്കുള്ള 2017-18 വര്‍ഷത്തെ താല്കാലിക പൊതു സ്ഥലംമാറ്റ ഉത്തവ് പുറപ്പെടുവിച്ചു. www.transferandpostings.in, www.educationkerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥലംമാറ്റ ഉത്തരവില്‍ ആക്ഷേപം ഉള്ള അദ്ധ്യാപകര്‍ അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖേന നാളെ (മെയ് 20) വൈകിട്ട് അഞ്ചിന് മുമ്പ് ഓണ്‍ലൈനായി അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. Dt.18.5.2017.
************************
സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ഫ്രഷ് ഓണ്‍ലൈനായി അപേക്ഷിച്ച് ലഭിച്ചവര്‍ക്ക് 2016-17 അദ്ധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ അപേക്ഷ ക്ഷണിച്ചു. ഹാര്‍ഡ് കോപ്പിയായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ 2015-16 അദ്ധ്യയന വര്‍ഷത്തില്‍ 60 ശതമാനമോ അതിനുമുകളിലോ മാര്‍ക്ക് നേടിയിരിക്കണം ഡി.സി.ഇ. സൈറ്റുകളായ www.dcescholarship.kerala.gov.in - ല്‍ നിന്നോ www.collegiateedu.kerala.gov.in - ല്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ സ്ഥാപനമേധാവിയുടെ ഒപ്പ്, സീല്‍ എന്നിവയോടുകൂടി കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. അപേക്ഷയോടൊപ്പം 2015-16 അദ്ധ്യയന വര്‍ഷത്തെ മാര്‍ക്ക് ലിസറ്റ്, ബാങ്ക് പാസ്ബുക്കിന്റെ മുന്‍ പേജ്, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം. ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ വോട്ടര്‍ ഐ.ഡി., പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയിലേതെങ്കിലും ഒന്നിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം. 2016 നവംബര്‍ 30 ന് മുന്‍പ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് www.decescholarship.kerala.gov.in, www.collegiateedu.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലെ സര്‍ക്കുലര്‍ ശ്രദ്ധിക്കണമെന്ന് സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.Dt.18.5.2017.
************************
ഡിപ്പാര്‍ട്ട്‌മെന്റല്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികയില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം. 2016 ഡിസംബര്‍ 31 വരെയുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഹൈസ്‌കൂള്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച താത്കാലിക സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.educationkerala.gov.in-ല്‍ ലഭ്യമാണ്.Dt.18.5.2017.
************************
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/സമാന തസ്തികയിലേക്കുളള 2017 -18 വര്‍ഷത്തെ താത്കാലിക പൊതുസ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. www.transferandpostings.in, www.educationkerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. സ്ഥലംമാറ്റ ഉത്തരവില്‍ ആക്ഷേപം ഉളള അധ്യാപകര്‍ അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖേന മേയ് 20ന് വൈകിട്ട് അഞ്ചിന് മുന്‍പ് ഓണ്‍ലൈന്‍ മുഖേന അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. Dt.16.5.2017.
************************
രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 83.37 ശതമാനവും, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 81.5 ശതമാനവുമാണ് വിജയം. പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആണ് പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ് ഇക്കുറി വിജയശതമാനം. ഹയര്‍ സെക്കന്‍ഡറിയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത് 11,829 പേര്‍ക്കാണ്. ഇതില്‍ 153 പേര്‍ 1200 ല്‍ മുഴുവന്‍ മാര്‍ക്കും നേടിയവരാണ്. എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചവരില്‍ 8.604 പേര്‍ പെണ്‍കുട്ടികളും 3.225 പേര്‍ ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ 9,574 പേര്‍ക്കും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 532 പേര്‍ക്കും കൊമേഴ്സ് വിഭാഗത്തില്‍ 1,662 പേര്‍ക്കും എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 83 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കൈവരിച്ചു. ഇതില്‍ എട്ട് സര്‍ക്കാര്‍ സ്‌കൂളുകളും 21 എയിഡഡ് സ്‌കൂളുകളും ഏഴ് സ്പെഷ്യല്‍ സ്‌കൂളുകളും ഉള്‍പ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം: 87.22 ശതമാനം. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ്: 77.65 ശതമാനം. പരീക്ഷ എഴുതിയ 3,66,139 പേരില്‍ 3,05,262 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. സയന്‍സ് വിഷയത്തില്‍ 86.25 ആണ് വിജയശതമാനം. ഹ്യുമാനിറ്റീസില്‍ 75.25 ശതമാനവും, കൊമേഴ്സില്‍ 83.96 ശതമാനവുമാണ് വിജയശതമാനം. 69,600 വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരള വഴി രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതിയതില്‍ 22,193 പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. വിജയശതമാനം: 31.89. കലാമണ്ഡലം ആര്‍ട്‌സ് സ്‌കൂളില്‍ 79 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 68 പേര്‍ ഉന്നതപഠന യോഗ്യത നേടി. 86.08 ആണ് വിജയശതമാനം. 28,172 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോ അതിന് മുകളിലോ നേടിയപ്പോള്‍ 43,190 പേര്‍ എല്ലാ വിഷയത്തിനും ബി പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. 62,203 പേര്‍ക്ക് ബി ഗ്രേഡും 81,050 പേര്‍ക്ക് സി പ്ലസ് ഗ്രേഡും 78,312 പേര്‍ക്ക് സി ഗ്രേഡും 2018 പേര്‍ക്ക് ഡി പ്ലസ് ഗ്രേഡും 60,710 പേര്‍ക്ക് ഡി ഗ്രേഡും 560 പേര്‍ക്ക് ഇ ഗ്രേഡും ലഭിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് സ്വന്തമാക്കിയത്. 1261 കുട്ടികള്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ് കുറവ് വയനാട്ടിലും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ (738 പേര്‍) പരീക്ഷക്ക് സജ്ജരാക്കിയ മലപ്പുറം പാലേമേട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 80.30 ശതമാനം പേരെ ഉപരിപഠനത്തിന് അര്‍ഹരാക്കി. ഒന്നാംവര്‍ഷ പരീക്ഷയുടെ സ്‌കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണയിച്ചത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് ഇരട്ടമൂല്യനിര്‍ണയം നടത്തിയാണ് സ്‌കോര്‍ കണക്കാക്കിയത്. രണ്ട് മൂല്യനിര്‍ണയങ്ങള്‍ തമ്മില്‍ 10 ശതമാനത്തിലധികം വ്യത്യാസം വന്ന പേപ്പറുകള്‍ മൂന്നാമതും മൂല്യനിര്‍ണയം നടത്തി. പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരുടേയും ഫലം തടഞ്ഞുവച്ചിട്ടില്ല. സേ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂണ്‍ ഏഴു മുതല്‍ 13 വരെ തീയതികളില്‍ നടക്കും. ഈമാസം 22 നകം സേ പരീക്ഷയ്ക്ക് അപേക്ഷിക്കണം. 30, 31 തീയതികളിലായി പ്രായോഗിക പരീക്ഷ നടക്കും. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാഫലവും മെയ് മാസത്തില്‍ തന്നെ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പാര്‍ട് ഒന്ന്, രണ്ട്, മൂന്ന്, വിഭാഗത്തില്‍ യോഗ്യതനേടിയ വിദ്യാര്‍ത്ഥികള്‍ 23,983 പേരാണ്. വിജയ ശതമാനം 81.50. പാര്‍ട്ട് ഒന്നും രണ്ടും യോഗ്യത നേടിയത് 25,540 പേര്‍. 86.79 ശതമാനം വിജയം. പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തില്‍ കൂടുതല്‍പേര്‍ യോഗ്യത നേടിയത് തിരുവനന്തപുരം ജില്ലയിലാണ്. 88.67 ശതമാനംപേര്‍ യോഗ്യതനേടി. 64.71 ശതമാനം വിജയമുള്ള പത്തനംതിട്ടയാണ് കുറഞ്ഞ വിജയശതമാനമുള്ള ജില്ല. പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിലായി കൂടുതല്‍പേര്‍ യോഗ്യത നേടിയത് വയനാട്ടില്‍. 93.36 ആണ് വിജയശതമാനം. 71.05 ശതമാനം വിജയമുള്ള പത്തനംതിട്ട ഏറ്റവും പിന്നില്‍. എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച 39 കുട്ടികളാണുള്ളത്. 36 സര്‍ക്കാര്‍ സ്‌കൂളുകളും 10 എയ്ഡഡ് സ്‌കൂളുകളും പാര്‍ട്ട് ഒന്നിലും രണ്ടിലും 100 ശതമാനം വിജയം കൈവരിച്ചു. പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലുമായി 100 ശതമാനം വിജയം കൈവരിച്ചത് 24 സര്‍ക്കാര്‍ സ്‌കൂളുകളും ഏഴ് എയ്ഡഡ് സ്‌കൂളുകളുമാണ്. Dt.15.5.2017.
************************
ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം 2016-17 ലെ മികച്ച സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും യൂണിറ്റുകള്‍ക്കും വോളണ്ടിയര്‍മാര്‍ക്കുമുള്ള സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനതല മികച്ച പ്രോഗ്രാം ഓഫീസര്‍ & യൂണിറ്റ് : അബ്ദുള്‍ ഗഫൂര്‍.കെ ,(ഗവ. എച്ച്.എസ്.എസ് മുത്തേടത്ത്, മലപ്പുറം), മേഖലാതല മികച്ച പ്രോഗ്രാം ഓഫീസര്‍ & യൂണിറ്റ് : എസ്.വിമല്‍ കുമാര്‍, ആര്‍.വി.എസ്.എം. എച്ച്.എസ്.എസ് പ്രയാര്‍, ആലപ്പുഴ), ബൈജു പി.റ്റി, (ഗവ. എച്ച്.എസ്.എസ് കോട്ടൂര്‍, മലപ്പുറം), സംസ്ഥാനതല മികച്ച വോളണ്ടിയര്‍മാര്‍ : അന്‍ഷിദ്.യു, (ജി.എച്ച്.എസ്.സ് മുത്തേടത്ത്, മുത്തേടം, മലപ്പുറം), ഷിന്‍ലേ ഷിനാസ്.പി.ഐ (ജി.എച്ച്.എസ്.എസ് ചേര്‍പ്പ് തൃശ്ശൂര്‍), സ്വാതി, (ജി.എച്ച്.എസ്.എസ് ചേര്‍പ്പ്, തൃശ്ശൂര്‍), ഷഹിന്‍ഷാ അബ്ദു റഹ്മാന്‍, (എ.കെ.എം എച്ച്.എസ്.എസ് കോട്ടുര്‍, മലപ്പുറം), ഗാഥ കെ, (എ.കെ.എം എച്ച്.എസ്.എസ് കോട്ടൂര്‍, മലപ്പുറം), ലിയാക്കത്ത് അലി എ, (ആര്‍.വി.എസ്.എം എച്ച്.എസ്.എസ്. പ്രയാര്‍, ആലപ്പുഴ), നന്ദന മോഹന്‍ (ജി.ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂര്‍,തൃശ്ശൂര്‍), ശ്രുതി ആര്‍ രാജ്, (സി.പി.എച്ച്.എസ്.എസ് കുറ്റിക്കാട്, കടയ്ക്കല്‍, കൊല്ലം).Dt.15.5.2017.
************************
സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 15 മുതലും ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 22 തിങ്കളാഴ്ച മുതലും 2017-18 ലേക്കുള്ള പാഠപുസ്തക വിതരണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. Dt.11.5.2017.
************************
സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പില്‍ കമ്പ്യട്ടര്‍വത്കരണത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാരുടെയും എസ്.എല്‍.ഐ/ജി.ഐ.എസ് പ്രീമിയം അടവിന്റെയും വിവരങ്ങള്‍ ശേഖരിക്കുന്നു. അതിനാല്‍ എല്ലാ എസ്.എല്‍.ഐ/ജി.ഐ.എസ് പദ്ധതി പോളിസി ഹോള്‍ഡര്‍മാരും അവരുടെ പാസ്ബുക്കുകള്‍ (ഡെപ്യൂട്ടേഷന്‍ കാലാവധി ഉള്‍പ്പെടെ) ഇതുവരെയുള്ള പ്രീമിയം അടവിന്റെ വിശദാംശങ്ങള്‍ ചേര്‍ത്ത് പുതുക്കണമെന്നും അത് ഇന്‍ഷൂറന്‍സ് വകുപ്പിന് ലഭ്യമാക്കാനായി ബന്ധപ്പെട്ട ഡി.ഡി.ഒ മാര്‍ക്ക് സമര്‍പ്പിക്കണമെന്നും ധന (എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പ്) അറിയിച്ചു.Dt.11.5.2017.
************************
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തില്‍ വാടയ്ക്കലില്‍ ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് പ്ലസ് വണ്‍ സയന്‍സ് ബാച്ചില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ www.hse.gov.in എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ജാതി, വരുമാനം, യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, എന്നിവയുടെ പകര്‍പ്പിനൊപ്പം മേയ് 31ന് വൈകിട്ട് അഞ്ചിനകം സീനിയര്‍ സൂപ്രണ്ട്, ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വാടയ്ക്കല്‍ പി.ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ആകെയുള്ള 39 സീറ്റുകളില്‍ 60 ശതമാനം പട്ടികജാതിക്കാര്‍ക്കും 30 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 10 ശതമാനം മറ്റിതര വിഭാഗത്തിനുമാണ്. അപേക്ഷകന്റെ കൂടൂംബ വാര്‍ഷിക വരുമാനം 1,00,000/- രൂപയില്‍ കവിയാന്‍ പാടില്ല. പ്രവേശനം ലഭിക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം, താമസസൗകര്യം എന്നിവ സര്‍ക്കാര്‍ ചെലവില്‍ നല്‍കും. ഫോണ്‍ നമ്പര്‍ : 0477 2268442, 0477 2268018. Dt.11.5.2017.
************************
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് മാര്‍ച്ചില്‍ നടത്തിയ രണ്ടാം വര്‍ഷ പൊതുപരീക്ഷയുടെ ഫലം മേയ് 15ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് സെക്രട്ടേറിയറ്റ് പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. അതിനു ശേഷം ഫലം അറിയിക്കുന്നതിനുളള വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്‌കോര്‍ ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുളള സൗകര്യമുണ്ട്. ഫലം താഴെ പറയുന്ന വെബ്‌സെറ്റുകളില്‍ ലഭിക്കും. www.results.kerala.nic.in, www.keralaresults.nic.in, www.prd.kerala.gov.in, www.itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in.Dt.10.5.2017.
************************
മുഖ്യമന്ത്രിയുടെ ഭരണഭാഷാ പ്രഖ്യാപനം പൂര്‍ണമായും നടപ്പാക്കുന്നത് നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെ എല്ലാ ഔദ്യോഗിക കാര്യങ്ങള്‍ക്കും മലയാളം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് വകുപ്പ് തലവന്മാരും ഓഫീസ് മേധാവികളും ഉറപ്പുവരുത്തണമെന്നും ഇതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവായി. 2017 മെയ് ഒന്നുമുതല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗികഭാഷയായി മലയാളം ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കിയും ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും ഫയല്‍ നടപടികളും റിപ്പോര്‍ട്ടുകളും മലയാളത്തില്‍തന്നെയായിരിക്കണം എന്നു നിഷ്‌കര്‍ഷിച്ചും മുഖ്യമന്ത്രി ഭരണഭാഷാ പ്രഖ്യാപനം നടത്തിയിരുന്നു.Dt.10.5.2017.
************************
ഓണ്‍ലൈന്‍ സംവിധാനം വഴി എല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും നികുതി അടയ്ക്കാനുളള സംവിധാനം ഇന്ന് (മേയ് 10) മുതല്‍ നിലവില്‍ വരും. പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കാന്‍ മാത്രമായിരുന്നു ഇതുവരെ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടായിരുന്നത്. പഴയവാഹനങ്ങളുടെ നികുതി അടയ്ക്കുവാന്‍ ഓഫീസുകളിലെ കൗണ്ടറുകളില്‍ എത്തണമായിരുന്നു. ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടെങ്കില്‍ ഇനിമുതല്‍ സ്വന്തം വീട്ടിലിരുന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് വഴി നികുതി അടയ്ക്കാം. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്ക് അക്ഷയ സെന്ററുകളും ഇ-സേവന കേന്ദ്രങ്ങള്‍ വഴിയും നികുതി അടയ്ക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ ഇന്‍ഷ്വറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും വാഹന തൊഴിലാളികള്‍ക്കുളള ക്ഷേമനിധിയുടെ വിഹിതം അടച്ചതിന്റെ രസീതും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യാനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി നികുതി അടച്ചു കഴിഞ്ഞാല്‍ വാഹന ഉടമയ്ക്ക് താത്കാലിക രസീത് അപ്പോള്‍ത്തന്നെ സ്വയം പ്രിന്റ് ചെയ്‌തെടുക്കാം. അതിനുശേഷം ബന്ധപ്പെട്ട ഓഫീസില്‍ അനുബന്ധ കാര്യങ്ങള്‍ പരിശോധിച്ച് അംഗീകാരമായിട്ടുണ്ടെങ്കില്‍ നികുതി അടച്ചതിന്റെ ലൈസന്‍സ് (ടാക്‌സ് ലൈസന്‍സ്) ബന്ധപ്പെട്ട ഓഫീസില്‍ നിന്ന് ഏഴ് ദിവസത്തിനകം സ്വയം പ്രിന്റ് ചെയ്‌തെടുക്കാം. ഏഴ് ദിവസത്തിനകം പ്രിന്റ് എടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വാഹന ഉടമ താത്കാലിക രസീതു സഹിതം ബന്ധപ്പെട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍/ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ സമീപിക്കണം. വാഹന ഉടമയുടെ ഇ മെയില്‍ മേല്‍വിലാസം നല്‍കിയാല്‍ നികുതി അടച്ചതിന്റെ വിവരങ്ങള്‍ ഇമെയില്‍ വഴിയും ലഭ്യമാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.Dt.9.5.2017.
************************
സര്‍ക്കാര്‍ വകുപ്പുകള്‍, ഗ്രാന്റ് ഇന്‍ എയിഡ്, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദിവസവേതന/കരാര്‍ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ച് ഉത്തരവായി. ഈ ഉത്തരവ് കേന്ദ്ര സഹായ പദ്ധതികളുള്‍പ്പെടെ വിവിധ പദ്ധതികളുടെ ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡുകളിലെ ജീവനക്കാര്‍ക്കും (തനതു ഫണ്ടിന്റെ ലഭ്യതയ്ക്കു വിധേയമായി മാത്രം) ബാധകമാണ്. ഉത്തരവ് നം.സ.ഉ(അച്ചടി)നം.56/2017/ധന. തീയതി 28/04/2017. വര്‍ധിപ്പിച്ച നിരക്കുകള്‍ കാറ്റഗറി പ്രകാരം ചുവടെ: ദിവസവേതനം, പരമാവധി പ്രതിമാസ വേതനം, കരാര്‍ വേതനം എന്നീ ക്രമത്തില്‍ കാറ്റഗറി നമ്പര്‍-ഒന്ന്, വിഭാഗത്തിലുളളവര്‍ക്ക് പരമാവധി ദിവസവേതനം 630 രൂപ , പ്രതിമാസം പരമാവധി വേതനം 17,025. കരാര്‍ അടിസ്ഥാനത്തിലുളളവര്‍ക്ക് 17,325 രൂപ. കാറ്റഗറി -രണ്ട് 685, (18,450) 18,900 രൂപ. കാറ്റഗറി -മൂന്ന് 710 രൂപ, (19,850 രൂപ), 19,950 രൂപ. കാറ്റഗറി നാല് 735 രൂപ, (20,575 രൂപ), 21,000 രൂപ. കാറ്റഗറി അഞ്ച് 790 രൂപ, (22,850 രൂപ) (23,100 രൂപ) കാറ്റഗറി ആറ് 895 രൂപ, (25,900 രൂപ) 26,475 രൂപ. കാറ്റഗറി ഏഴ് 945 രൂപ, (27400 രൂപ), 27, 825 രൂപ. കാറ്റഗറി എട്ട് 1025 രൂപ, (28,675 രൂപ) 29,200 രൂപ. കാറ്റഗറി ഒന്‍പത് 1,025 രൂപ, (29,700 രൂപ) 30,675 രൂപയും, കാറ്റഗറി പത്ത് 1,130 രൂപ, (33,875 രൂപ), 33,925 രൂപ. കാറ്റഗറി 11 1,365 രൂപ, (40,950 രൂപ) 41, 475 രൂപ. കാറ്റഗറി 11 (എ) 1,470 രൂപ നിരക്കില്‍ (ആവശ്യമെങ്കില്‍) 44,100 രൂപ. കാറ്റഗറി 12 1,840 രൂപ, (53,300 രൂപ) 54,200 രൂപ.Dt.9.5.2017.
************************
2017 മാര്‍ച്ചില്‍ നടത്തിയ ഹയര്‍സെക്കന്ററി രണ്ടാംവര്‍ഷ പരീക്ഷയുടെ ഫലം മെയ് 15 ന് ഉച്ചയ്ക്കു ശേഷം രണ്ട് മണിക്ക് സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്കിലുള്ള പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഫല പ്രഖ്യാപനത്തിനു ശേഷം ഫലം താഴെപ്പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in, www.cdit.org., www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in . Dt.9.5.2017.
************************
2017ലെസോഷ്യല്‍മീഡിയാഫോര്‍എംപവര്‍മെന്റ്അവാര്‍ഡ്‌സില്‍ ഐ.ടി.@സ്‌കൂള്‍ പ്രോജക്ടിന്റെ 'സ്‌കൂള്‍വിക്കി'ക്ക് അംഗീകാരം. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഡിജിറ്റല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ സ്‌കൂള്‍വിക്കിക്ക് 'പ്രത്യേക പരാമര്‍ശം' ലഭിച്ചത്. ദേശീയതലത്തില്‍ ആദ്യഘട്ടത്തില്‍ പരിഗണിച്ച 162 പ്രോജക്ടുകളില്‍ നിന്നാണ് അവസാനഘട്ടത്തിലേക്ക് 'സ്‌കൂള്‍വിക്കി' ഉള്‍പ്പെടെ 10 പ്രോജക്ടുകളെ പരിഗണിച്ചത്. ഓരോവിദ്യാലയവും അവരെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ക്കൊപ്പം പ്രമുഖരായ പൂര്‍വവിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ ഭൂപടം, വെബ്‌സൈറ്റ്, വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം, കുട്ടികളുടെയും അധ്യാപകരുടേയും രചനകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തുന്നതാണ് 'സ്‌കൂള്‍വിക്കി'. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും ബൃഹത്തായ വിവരശേഖരം ലക്ഷ്യമിടുന്ന 'സ്‌കൂള്‍വിക്കി'യില്‍ നിലവില്‍ ഒരുലക്ഷത്തോളം താളുകളും 24,235 ഉപയോക്താ ക്കളുമുണ്ട്. 3.6 ലക്ഷം തിരുത്തലുകള്‍ ഇതുവരെ നടന്നിട്ടുണ്ട്. ഇപ്രാവശ്യത്തെ സംസ്ഥാന സ്‌കൂള്‍കലോത്സവത്തിലെ രചനാ മത്സരങ്ങളിലെ മുഴുവന്‍സൃഷ്ടികളുംസ്‌കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുട്ടികളുടെഇടയില്‍ പങ്കാളിത്ത രീതിയിലുള്ളവിവരശേഖരണവും പങ്കുവെയ്ക്കലും പ്രോത്സാഹിപ്പിക്കുന്നതില്‍ 'സ്‌കൂള്‍വിക്കി' മാതൃകയാണെന്ന്ജൂറി അഭിപ്രായപ്പെട്ടു. 'സ്‌കൂള്‍വിക്കി' മികച്ച രീതിയില്‍ പരിപാലിക്കുന്ന സ്‌കൂളുകള്‍ക്ക് ജൂണ്‍ മാസം അവാര്‍ഡുകള്‍ നല്‍കുമെന്ന് ഐ.ടി.@സ്‌കൂള്‍ പ്രോജക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍സാദത്ത് അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് ആക്കം പകരുന്ന അവാര്‍ഡ് ലബ്ധിയില്‍ പങ്കാളിയായ മുഴുവന്‍ സ്‌കൂളുകളെയും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭിനന്ദിച്ചു.Dt.6.5.2017.
************************
ഹയര്‍സെക്കന്ററി പ്ലസ്‌വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സഹായ കേന്ദ്രമായ ഫോക്കസ് പോയിന്റുകള്‍ സംസ്ഥാനത്തെ 75 താലൂക്ക് കേന്ദ്രങ്ങളില്‍ മേയ് എട്ട് മുതല്‍ 19 വരെ പ്രവര്‍ത്തിക്കും. ഓരോ താലൂക്കിലും ഫോക്കസ് പോയിന്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ വിവരം സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളിലും പ്രദര്‍ശിപ്പിക്കുന്നതിന് പ്രിന്‍സിപ്പാള്‍മാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. പ്ലസ്‌വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും വിവിധ സബ്ജക്ട് കോമ്പിനേഷനുകള്‍ പരിചയപ്പെടുത്തുന്നതിനും ഓരോ വിഷയത്തിന്റെയും ഉപരിപഠന -തൊഴില്‍ സാധ്യതകളെക്കുറിച്ച് വിവരം നല്കുന്നതിനും വിദഗ്ധരായ അധ്യാപകരുടെ സേവനം ഫോക്കസ് പോയിന്റുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. പൊതു അവധി ദിനങ്ങളില്‍ ഒഴികെ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30വരെ രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഫോക്കസ് പോയിന്റുകളില്‍ നിന്നും സേവനം ലഭ്യമാകും. ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്‍ ആണ് ഫോക്കസ് പോയിന്റുകള്‍ സംഘടിപ്പിക്കുന്നത്.Dt.6.5.2017.
************************
ഏകജാലക സംവിധാനത്തിലൂടെ ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനത്തിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനുളളള സൗകര്യം മേയ് എട്ടിന് ഉച്ചയ്ക്കുശേഷം അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) ലഭ്യമാകും. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി മേയ് 22 ആണ്. ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും വെരിഫിക്കേഷന് വേണ്ടി സമര്‍പ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ച് തിരുത്താമെന്നും ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ കമ്പ്യൂട്ടര്‍ ലാബ്/ഇന്റര്‍നെറ്റ് സൗകര്യവും മറ്റു മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ സ്‌കൂള്‍തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലും അതത് പ്രിന്‍സിപ്പല്‍മാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. Dt.6.5.2017.
************************
2017-18-ലെ ഒന്നാംവര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ മെയ് എട്ട് മുതല്‍ www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപ്ലൈ ഓണ്‍ലൈന്‍ ലിങ്കിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ നല്‍കി അതിന്റെ പ്രിന്റ് ഔട്ടും അപേക്ഷാഫോമിന്റെ വിലയായ ഇരുപത്തിയഞ്ച് രൂപയും അടുത്തുള്ള ഏതെങ്കിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിച്ച് അക്‌നോളജ്‌മെന്റ് കൈപ്പറ്റാം. അച്ചടിച്ച അപേക്ഷാഫോറവും പ്രോസ്‌പെക്ടസും എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും മെയ് 12 മുതല്‍ ഇരുപത്തിയഞ്ച് രൂപ നല്‍കി വാങ്ങാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അച്ചടിച്ച അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 22ന് മുമ്പ് ഏതെങ്കിലും ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിക്കണം. ഒറ്റ അപേക്ഷാഫോറത്തില്‍ തന്നെ എല്ലാ ജില്ലയിലെ സ്‌കൂളുകളിലേക്കും അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരിഷ്‌ക്കരിച്ച 34 വൊക്കേഷണല്‍ കോഴ്‌സിലെ 1097 ബാച്ചുകളിലേക്കാണ് ഏകജാലക സംവിധാന പ്രകാരം പ്രവേശനം നടക്കുന്നത്. അപേക്ഷകള്‍ പൂരിപ്പിക്കുന്നതിനുള്ള സഹായം നല്‍കുന്നതിനും കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ഡസ്‌ക്കുകളുടെ പ്രവര്‍ത്തനം മെയ് എട്ട് മുതല്‍ ആരംഭിക്കും. Dt.6.5.2017.
************************
2017 എസ്.എസ്.എല്‍.സി സേ പരീക്ഷ മേയ് 22ന് തുടങ്ങി മേയ് 26ന് അവസാനിക്കും. പരീക്ഷാ ഫീസ് മേയ് എട്ട് മുതല്‍ മേയ് 12 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം. റീവാല്യുവേഷന്‍, സ്‌ക്രൂട്ടണി, ഫോട്ടോക്കോപ്പി എന്നിവയ്ക്കുളള അപേക്ഷകള്‍ മേയ് എട്ട് മുതല്‍ മേയ് 12 വരെ നല്‍കാം. മേയ് 13നകം പ്രഥമാധ്യാപകര്‍ അപേക്ഷകള്‍ കണ്‍ഫേം ചെയ്യണം.Dt.5.5.2017.
************************
എസ്.എസ്.എല്‍.സി വിജയാഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിന്തിരിയണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തുണിയിലോ പേപ്പറിലോ എഴുതിയ ബാനറുകളും പോസ്റ്ററുകളും ബോര്‍ഡുകളും മാത്രമേ സ്‌കൂള്‍ പരിസരങ്ങളില്‍ പ്രദര്‍ശിപ്പിക്കാവു. 2017 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ റഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളുടെ സര്‍ട്ടിഫിക്കറ്റ് പ്രിവ്യൂ പരീക്ഷാഭവന്റെ iExam ലിങ്കില്‍ ലഭ്യമാകും. ഏതെങ്കിലും തരത്തിലുളള തിരുത്തലുകള്‍ വിദ്യാര്‍ത്ഥികളുടെ ബയോഡേറ്റാ പാര്‍ട്ടില്‍ ഉണ്ടെങ്കില്‍ മേയ് ഒന്‍പതിനു മുമ്പായി തിരുത്തലിന് iexamhelpdesk@gmail.com എന്ന വിലാസത്തിലേക്ക് പ്രഥാമാധ്യാപകര്‍ മെയില്‍ ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. Dt.5.5.2017.
************************
2016-17 സ്‌കൂള്‍വര്‍ഷത്തെ എസ്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (എച്ച്.ഐ), റ്റി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ആണ് വിജയശതമാനം. 4,55,453 വിദ്യാര്‍ഥികളാണ് ആകെ പരീക്ഷ എഴുതിയത്. ഇതില്‍ 2,24,094 പേര്‍ പെണ്‍കുട്ടികളും 2,31,814 പേര്‍ ആണ്‍കുട്ടികളുമാണ്. 4,37,156 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 20,967 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. മുഴുവന്‍ കുട്ടികളും ഉപരിപഠനത്തിന് അര്‍ഹത നേടിയത് 1174 സ്‌കൂളുകളാണ്. കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റര്‍ എടരിക്കോട് പി.കെ.എം.എം.എച്ച്.എസാണ് (2233 പേര്‍). കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് അഴിയിടത്തുചിറ ഗവ. എച്ച്.എസ്.എസും, പെരിങ്ങാര്‍ ഗവ. ഗേള്‍സ് എച്ച്.എസുമാണ് (മൂന്നുപേര്‍). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ റവന്യൂ ജില്ല മലപ്പുറവും (80,584), കുറവ് പത്തനംതിട്ടയുമാണ് (11,957). കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ല മലപ്പുറവും (27,216), കുറവ് കുട്ടനാടുമാണ് (2341). വിജയശതമാനം കൂടുതലുള്ള ജില്ല പത്തനംതിട്ടയും (98.82), കുറഞ്ഞ ജില്ല വയനാടുമാണ് (89.65). വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കടുത്തുരുത്തിയും (99.36) കുറവുള്ളത് വയനാടുമാണ് (89.65). എസ്.എസ്.എല്‍.സി (എച്ച്.ഐ) പരീക്ഷയില്‍ 29 സ്‌കൂളുകളിലായി 297 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 294 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 98.98 ആണ് വിജയശതമാനം. പഴയ സ്‌കീമിലുള്ള പ്രൈവറ്റ് വിദ്യാര്‍ഥികളില്‍ രജിസ്റ്റര്‍ ചെയ്ത 2611 പേരില്‍ 1385 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 53.04 ആണ് പ്രൈവറ്റിലെ വിജയശതമാനം. റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 98.83 ശതമാനമാണ് വിജയം. 3359 പേര്‍ പരീക്ഷ എഴുതിയതില്‍ 3321 പേര്‍ ഉന്നത വിദ്യാഭ്യാസ അര്‍ഹത നേടി. 114 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ഉണ്ട്. റ്റി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) പരീക്ഷയില്‍ 16 പേര്‍ പരീക്ഷ എഴുതിയതില്‍ 12 പേര്‍ ഉന്നത വിദ്യാഭ്യാസ അര്‍ഹത നേടി. 75 ശതമാനമാണ് വിജയം. എ.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 79 പേര്‍ പരീക്ഷ എഴുതിയതില്‍ 67 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 83.75 ആണ് വിജയശതമാനം. പരീക്ഷാ പരിഷ്‌കരണങ്ങളുടെ ഭാഗമായി എല്ലാ പരീക്ഷകളും ഇനി സര്‍ക്കാര്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പരീക്ഷാഫലം പ്രഖ്യാപിക്കവേ അറിയിച്ചു. എല്ലാ വിഷയങ്ങള്‍ക്കും പാഠപുസ്തകങ്ങളെ ആസ്പദമാക്കി ക്വസ്റ്റിയന്‍ ബാങ്ക് തയാറാക്കും. 10ാം ക്ലാസിന്റെയോ, പ്ലസ് ടുവിന്‍േറയോ ഏതെങ്കിലും ഒരു പരീക്ഷയില്‍ ഈ വര്‍ഷം ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ പരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.Dt.5.5.2017.
************************
സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും 2017 -2018 ലേക്കുളള സ്ഥലംമാറ്റത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക www.dhsekerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഹയര്‍സെക്കന്ററി ഡയറക്ടര്‍, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്‌സ്, ശാന്തി നഗര്‍, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ മേയ് എട്ടിന് വൈകിട്ട് അഞ്ചിന് മുന്‍പ് ലഭിക്കണം. Dt.5.5.2017.
************************
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) യുടെ നേതൃത്വത്തില്‍ തയാറാക്കിയ പാഠപുസ്തക നാടകങ്ങളുടെ ദൃശ്യാവഷ്‌കാരത്തിന്റെയും ഡിജിറ്റല്‍ റിസോഴ്‌സസ് സി.ഡിയുടെയും പ്രകാശനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാറിന് നല്‍കി നിര്‍വഹിച്ചു. ആറ്,എട്ട്,12, ക്ലാസുകളിലെ പാഠപുസ്ത നാടകങ്ങളാണ് പുറത്തിറക്കിയത്. കാവാലം നാരായണപ്പണിക്കരുടെ മേല്‍നോട്ടത്തിലാണ് ദൃശ്യപാഠം സംവിധാനം ചെയ്തത്. ജി.ശങ്കരപ്പിള്ള രചിച്ച ആറാം ക്ലാസിലെ ചിത്രശലഭം എന്ന നാടകം ഡി. രഘൂത്തമനും വയലാ വാസുദേവന്‍ പിള്ള രചിച്ച എട്ടാം ക്ലാസിലെ തേന്‍കനി എന്ന നാടകം കേരള സര്‍വകലാശാല നാടകവിഭാഗം തലവന്‍ ഡോ. രാജാവാര്യരും സംവിധാനം ചെയ്തു. പന്ത്രണ്ടാം ക്ലാസിലെ കാവാലം നാരായണപ്പണിക്കര്‍ രചിച്ച അഗ്നിവര്‍ണന്റെ കാലുകള്‍ എന്ന നാടകം കാവാലം തന്നെയാണ് സംവിധാനം ചെയ്തത്. എസ്.സി.ഇ.ആര്‍.ടിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ. പ്രസാദ്, വി.എച്ച്.എസ്.ഇ ഡയറക്ടര്‍ ഫറൂഖ് എ., സീമാറ്റ് ഡയറക്ടര്‍ ഡോ.പി.എ.ഫാത്തിമ, എസ്.സി.ഇ.ആര്‍.ടി കരിക്കുലം മേധാവി ഡോ.എസ്. രവീന്ദ്രന്‍ നായര്‍, മണക്കാല ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാവാലത്തിന്റെ പത്‌നി ശാരദ പണിക്കര്‍, വയല വാസുദേവന്‍ പിള്ളയുടെ പത്‌നി വത്സല വാസുദേവന്‍പിള്ള, ഡി രഘൂത്തമന്‍, ഡോ. രാജവാരിയര്‍ എന്നിവരെ ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആദരിച്ചു. Dt.5.5.2017.
************************
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itschool.gov.in വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ ഐടി@സ്‌കൂള്‍ സംവിധാനം ഒരുക്കി. ഇതിനുപുറമെ സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനവും, വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Saphalam 2017 എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കു പുറമെ ഈ വര്‍ഷം പുതുതായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒന്‍പതിനായിരത്തോളം എല്‍.പി.-യു.പി സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ടറിയാനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദേശിച്ചതായി ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.Dt.3.5.2017.
************************
സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത 14 ശതമാനമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി. 2017 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തോടെ വര്‍ധിപ്പിച്ച ക്ഷാമബത്ത ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. (ജിഒപി നമ്പര്‍ 55/917/ഫിന്‍. തിയതി 26/4/2017.) നിലവില്‍ 12 ശതമാനമാണ് ക്ഷാമബത്ത. 2017 ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക 2017 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ പി.എഫില്‍ ലയിപ്പിക്കും. ഇക്കാലയളവിലെ പെന്‍ഷന്‍ കുടിശ്ശിക മെയ് മാസത്തിലെ പെന്‍ഷനോടൊപ്പം ലഭിക്കും.Dt.3.5.2017.
************************
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഭവന നിര്‍മാണ വായ്പയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2017 ഏപ്രില്‍ 30ന് സര്‍വീസില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് എച്ച്ബിഎയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ഇതിനുള്ള അപേക്ഷകള്‍ അതത് ഓഫീസുകളില്‍ ലഭിക്കേണ്ട അവസാന തിയതി മെയ് 15 ആണ്. ബന്ധപ്പെട്ട സെക്ഷനുകള്‍ അപേക്ഷകള്‍ മെയ് 31 നുമുമ്പ് വകുപ്പ് മേധാവികള്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം വകുപ്പ് മേധാവികള്‍ വകുപ്പുതല അര്‍ഹതാപട്ടിക ധനവകുപ്പിന് ജൂലൈ പതിനഞ്ചിനുമുമ്പ് സമര്‍പ്പിക്കണം. 2017-18ലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. എച്ച്.ബി.എ എസ.്ഇ.എല്‍ വെബ്‌സൈറ്റ് ജൂണ്‍ 30ന് പ്രവര്‍ത്തനം അവസാനിപ്പിക്കും. എച്ച്ബിഎ സംസ്ഥാനതല അര്‍ഹതാ പട്ടിക www.finance.kerala.gov.in ല്‍ ലഭിക്കും. വിരമിക്കല്‍ തീയതി അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. അവശേഷിക്കുന്ന സര്‍വീസ് കാലം കുറയുന്നതനുസരിച്ച് മുന്‍ഗണന കൂടും. അപൂര്‍ണമായ അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പധ്യക്ഷര്‍ ഉടന്‍തന്നെ നിരസിക്കേണ്ടതാണെന്ന് ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചു.Dt.3.5.2017.
************************
2016-17 ലെ മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ വിവിധ കാരണങ്ങളാല്‍ കോളേജ് തലത്തിലുള്ള വെരിഫിക്കേഷന്‍ നടത്താന്‍ കഴിയാതിരുന്ന സ്ഥാപനങ്ങള്‍ക്ക് മെയ് പത്ത് വരെ അധികസമയം അനുവദിച്ചു. www.scholarships.gov.in എന്ന സൈറ്റ് മുഖേന വെരിഫിക്കേഷന്‍ നടത്തി ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2561214, 9497723630 എന്നീ നമ്പരികളിലോ momakerala@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. സമയപരിധി ഇനിയും ദീര്‍ഘിപ്പിക്കുന്നതല്ലെന്ന് സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. Dt.3.5.2017.
************************
രജിസ്‌ട്രേഷന്‍ പുതുക്കല്‍, തൊഴിലവസരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇനി എസ്എംഎസ് ആയി ലഭിക്കും കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഇ- എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളായി മാറുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരു ചേര്‍ക്കാനോ രജിസ്‌ട്രേഷന്‍ പുതുക്കാനോ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ക്കാനോ ഇനി ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പോകേണ്ടതില്ല. ഇതിനായുള്ള www.employment.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്ഥാനത്താകെയുള്ള 84 ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിച്ച,് രജിസ്റ്റര്‍ ചെയ്ത 35 ലക്ഷത്തില്‍പരം ഉദ്യോഗാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞതായി മന്ത്രി അറിയിച്ചു. വെബ്‌സൈറ്റ് മുഖേന എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ഇ- സേവനങ്ങളെല്ലാം പ്രയോജനപ്പെടുത്താം. ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം അത്യാവശ്യം വേണ്ട സേവനങ്ങള്‍ മൊബൈല്‍ വഴി നല്‍കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും രജിസ്‌ട്രേഷന്‍ പുതുക്കേണ്ട തിയതിയും മറ്റു വിവരങ്ങളും എസ്എംഎസ് വഴി ലഭിക്കും. സര്‍ക്കാര്‍മേഖലയിലെ തൊഴിലവസരങ്ങള്‍ക്കു പുറമേ, സ്വകാര്യമേഖലയിലെ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും ഇ-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കാലതാമസമില്ലാതെ ഉദ്യോഗാര്‍ത്ഥികളിലെത്തിക്കാന്‍ കഴിയും. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ എളുപ്പം അറിയാനാവുമെന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം സുതാര്യമാവുമെന്നും മന്ത്രി പറഞ്ഞു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ആണ് ഇതിനുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.Dt.3.5.2017.
************************
മേയ് അഞ്ചിന് നടത്താനിരുന്ന ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ എട്ടാം ക്ലാസ് പ്രവേശന പരീക്ഷ മേയ് എട്ടിന് രാവിലെ പത്ത് മുതല്‍ 11.30 വരെ നടത്തുമെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.Dt.2.5.2017.
************************
മെയ് ഒന്ന് മുതല്‍ സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കണം. ഭാഷാമാറ്റ നടപടികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗികഭാഷാ ഉന്നതതല സമിതി കേരളത്തിലെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന് വിലയിരുത്തിയിരുന്നു. തുടര്‍ന്ന് മെയ് ഒന്നു മുതല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കുന്നത് നിര്‍ബന്ധമാക്കണമെന്നും ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും നിബന്ധനകള്‍ക്കു വിധേയമായി മലയാളത്തില്‍ത്തന്നെയായിരിക്കണമെന്നും മുഖ്യമന്ത്രി ഭരണഭാഷാ പ്രഖ്യാപനം നടത്തി. മൂന്നുമാസത്തിലൊരിക്കല്‍ ഇക്കാര്യം അവലോകനം ചെയ്യണമെന്നും ഉന്നതതല സമിതി നിര്‍ദേശിച്ചിരുന്നു. ഈ പ്രഖ്യാപനം കര്‍ശനമായി നടപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. സംസ്ഥാനത്തെ തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷക്കാര്‍ക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങള്‍, മറ്റു രാജ്യങ്ങള്‍, സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴ്, കന്നഡ അല്ലാതെയുള്ള മറ്റു ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് ഏതെങ്കിലും നിയമത്തില്‍ പ്രത്യേകം പരാമര്‍ശമുള്ള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍ കുറിപ്പു ഫയല്‍ മലയാളത്തിലായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി കത്തിടപാടുകള്‍ക്ക് ഇംഗ്ലിഷ് ഉപയോഗിക്കാം. അങ്ങനെയല്ലാത്ത സാഹചര്യങ്ങളില്‍ എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മെയ് ഒന്ന് മുതല്‍ മലയാളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് എല്ലാ വകുപ്പു തലവന്‍മാരും ഓഫീസ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്നും ഭാഷാമാറ്റ നടപടികള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണമെന്നും ഈ നടപടികളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.Dt.27.4.2017.
************************
കണ്ണൂരില്‍ നടന്ന ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാ പ്രതിഭകള്‍ക്ക് പ്രോത്സാഹനമായി പതിനായിരം രൂപ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കലോത്സവത്തില്‍ എ ഗ്രേഡ് നേടിയവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, എ ഗ്രേഡ് നേടിയ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നിശ്ചിത മാതൃകയിലുള്ള വിദ്യാര്‍ത്ഥിയുടെ ഫോട്ടോ എന്നിവ അപേക്ഷകന്‍ പഠനം നടത്തിയിരുന്ന സ്ഥാപന മേധാവിയുടെ ശുപാര്‍ശ രേഖപ്പെടുത്തി മെയ് 15 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍, കനക നഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം - 695 003 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകരെ നേരിട്ട് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, പിന്‍കോഡ് സഹിതമുള്ള മേല്‍വിലാസം എന്നിവ കൃത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷയുടെ മാതൃക എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0471 - 2315375, 27372187.Dt.27.4.2017.
************************
സംസ്ഥാനത്തെ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അവരുടെ താത്പര്യപ്രകാരം ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായി. ജീവനക്കാരുടെ അപേക്ഷയനുസരിച്ച് നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് എല്ലാ ട്രഷറികളിലും ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം ട്രഷറി ഡയറക്ടര്‍ ഏര്‍പ്പെടുത്തുമെന്ന് ഉത്തരവില്‍ പറയുന്നു.Dt.26.4.2017.
************************
വിദ്യാര്‍ത്ഥികള്‍ ഫീസ് കുടിശ്ശിക ഒടുക്കണം സ്‌കോള്‍ -കേരള വഴി ഹയര്‍സെക്കണ്ടറി ഓപ്പണ്‍ റെഗുലര്‍ വിഭാഗത്തില്‍ 2015 -17, 2016 -18 ബാച്ചുകളില്‍ പ്രവേശനം നേടിയിട്ടുളള വിദ്യാര്‍ത്ഥികളില്‍ കോഴ്‌സ് ഫീസിന്റെ രണ്ടാം ഗഡു ഒടുക്കാനുളളവര്‍ 25 രൂപ പിഴയോടെ ഏപ്രില്‍ 30നകം എസ്.ബി.ഐ ശാഖകളില്‍ സ്‌കോള്‍ കേരള അക്കൗണ്ടില്‍ ഫീസ് കുടിശ്ശിക ഒടുക്കി അസല്‍ ചെലാന്‍ ബന്ധപ്പെട്ട ജില്ലാ കേന്ദ്രം ഓഫീസര്‍ ഇന്‍ ചാര്‍ജ്ജുമാരെ ഏല്‍പ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.Dt.26.4.2017.
************************
സ്‌കൂള്‍ കുട്ടികള്‍ക്കായി (13 -16 വയസ്) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെയ് എട്ട് മുതല്‍ 12 വരെ ശാസ്ത്ര സമീക്ഷ എന്ന പേരില്‍ ശാസ്ത്ര ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. പട്ടത്തുളള ശാസ്ത്ര ഭവനില്‍ നടക്കുന്ന ഏകദിന ക്ലാസില്‍ പ്രശസ്ത ശാസ്ത്രജ്ഞനും അധ്യാപകരും ക്ലാസുകള്‍/ പ്രവൃത്തിപരിചയ ക്ലാസുകള്‍ എന്നിവ കൈകാര്യം ചെയ്യും. ഇതിലേക്കുളള പ്രവേശനം സൗജന്യമാണ്. താത്പര്യമുളള കുട്ടികള്‍ ഹെഡ്, സയന്‍സ് എഡ്യൂക്കേഷന്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്ര ഭവന്‍, പട്ടം പി.ഒ, തിരുവനന്തപുരം -4 എന്ന വിലാസത്തില്‍ ഏപ്രില്‍ 30നു മുമ്പായി അപേക്ഷിക്കണം. അപേക്ഷാഫോറം www.kscste.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471 2548218, 223.Dt.21.4.2017.
************************
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 39 ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലേക്ക#് 2017 -18 അധ്യയന വര്‍ഷം എട്ടാം ക്ലാസിലേക്കുളള പ്രവേശനം ആരംഭിച്ചു. സാധാരണ സ്‌കൂളുകളില്‍ നിന്നും ഏഴാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. മെയ് എട്ടിനാണ് പ്രവേശന പരീക്ഷ. 13 എഞ്ചിനീയറിംഗ് ട്രേഡുകളിലും 15 എന്‍.എസ് ക്യൂ.എഫ് ട്രേഡുകളിലുമായാണ് പരിശീലനം. അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും പത്ത് രൂപ വിലയ്ക്ക് അതത് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് മൂന്ന്.Dt.21.4.2017.
************************
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ അവധിക്കാലത്ത് ഇരുപത് ദിവസം നീണ്ടു നില്‍ക്കുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് നടത്തുന്നു. ബ്രിട്ടീഷ് കൗണ്‍സിലുമായി സഹകരിച്ച് നടത്തുന്ന കോഴ്‌സിന് ബ്രിട്ടീഷ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഇരുപത്തിയഞ്ച് പേര്‍ക്കാണ് പ്രവേശനം. 300 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447781895 Dt.18.4.2017.
************************
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം അഭിരുചിക്ക് അനുസൃതമായി തൊഴില്‍ മേഖല കണ്ടെത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുളള അസാപ് പദ്ധതിയായ സ്‌മൈല്‍ (സ്‌കില്‍ മെന്റര്‍ഷിപ്പ് ഫോര്‍ ഇന്നൊവേറ്റീവ് ലൈഫ് എക്‌സ്പീരിയന്‍സ്) ക്യാമ്പിന്റെ ഭാഗമായി സൗജന്യ റസിഡന്‍ഷ്യല്‍ ക്യാമ്പ് തിരുവനന്തപുരം ജഗതി ബധിര-മൂക വിദ്യാലയത്തില്‍ ഏപ്രില്‍ 27,28,29 തീയതികളില്‍ നടക്കും. ഇക്കൊല്ലം പത്താംക്ലാസ് പരീക്ഷ എഴുതിയ ഗവണ്‍മെന്റ്/എയ്ഡഡ് സ്‌കൂളുകളിലെ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. വിവിധ കരിയര്‍ സാധ്യതകളെ കുറിച്ചും, അഭിരുചിക്ക് ഇണങ്ങിയ മികച്ച കരിയര്‍ തിരഞ്ഞെടുക്കാനുമുള്ള വിദഗ്ധ മാര്‍ഗ, നിര്‍ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പിലൂടെ ലഭിക്കും. സംരംഭകത്വ സാദ്ധ്യതകളെ കണ്ടെത്താനുമുള്ള പ്രത്യേക പരിശീലനവും ഇതോടൊപ്പം നല്‍കും. ക്യാമ്പിലേക്കു തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ ഏപ്രില്‍ 23ന് രാവിലെ 10 ന് തൈക്കാട് മോഡല്‍ സ്‌കൂളിലെ അസാപ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നടക്കും. അപേക്ഷ ഫോം www.asapkerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ചതിനോടൊപ്പം 2017 എസ്.എസ്.എല്‍.സി പരിക്ഷയുടെ ഒറിജിനല്‍ ഹാള്‍ ടിക്കറ്റുമായി പരീക്ഷകേന്ദ്രത്തില്‍ രാവിലെ ഒന്‍പതിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471 277 2524. Dt.18.4.2017.
************************
സംസ്ഥാനത്തെ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ഒഴിവുളള തസ്തികകളില്‍ പ്രിന്‍സിപ്പല്‍ നിയമനം നടത്തുന്നതിനായി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകരില്‍ നിന്നും 2014-16 വര്‍ഷങ്ങളിലെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ക്ഷണിച്ചു. ഏപ്രില്‍ 25ന് മുന്‍പായി റിപ്പോര്‍ട്ടുകള്‍ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് www.dhsekerala.gov.in Dt.18.4.2017.
************************
സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന തിനാല്‍ ഇന്ന് (ഏപ്രില്‍ ആറ്) ആരംഭിക്കാനിരുന്ന എസ്.എസ്.എല്‍.സി./റ്റി.എച്ച്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഏഴിനേ ആരംഭിക്കുകയുളളൂ എന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. ക്യാമ്പ് ഏപ്രില്‍ 26ന് അവസാനിക്കും. Dt.5.4.2017.
************************
മലപ്പുറം മണ്ഡലം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ്, മഞ്ചേരി, ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ എന്നിവിടങ്ങളിലെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ യഥാക്രമം എ.കെ.എം.എച്ച്.എസ്.എസ്, കോട്ടൂര്‍, ജി.എച്ച്.എസ്.എസ്, ഏഴൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റി. ജി.എച്ച്.എസ്.എസ് മഞ്ചേരിയില്‍ ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ നടക്കാനിരുന്ന സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പും എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരിലേക്ക് മാറ്റിയതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. Dt.31.3.2017.
************************
മാര്‍ച്ച് 30 ന് ഉച്ചയ്ക്ക് 1.45 ന് നടക്കുന്ന എസ്.എസ്.എല്‍.സി ഗണിതശാസ്ത്രം പരീക്ഷ സുഗമമായി നടത്തുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രഥമാധ്യാപകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളോടെ സ്റ്റോറേജ് സെന്ററുകളില്‍ നിന്നും ചോദ്യപേപ്പറുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരും. എട്ട് കിലോമീറ്റര്‍ ദൂരപരിധിയ്ക്കു പുറത്ത് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള അധ്യാപകരെ രാവിലെ നടക്കുന്ന സ്‌കൂള്‍തല പരീക്ഷയുടെ ഡ്യൂട്ടിയില്‍ നിന്നും പ്രഥമാധ്യാപകര്‍ ഒഴിവാക്കണം. റിസര്‍വ് ഡ്യൂട്ടിയിലുളള എല്ലാ അധ്യാപകരും പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. Dt.29.3.2017.
************************
സംസ്ഥാന വിദ്യാഭ്യാസ വകുപ്പും എസ്.സി.ഇ.ആര്‍.ടിയും സംയുക്തമായി നടത്തുന്ന ന്യൂമാറ്റ്‌സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുളള ആറ് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ അവധിക്കാല സഹവാസ ക്യാമ്പ് ഏപ്രില്‍ 20 മുതല്‍ 29 വരെ തിരുവനന്തപുരം കൈമനത്തുളള റീജിയണല്‍ ടെലികോം ട്രെയിനിംഗ് സെന്ററില്‍ നടത്തും. എല്ലാ കുട്ടികളും ഏപ്രില്‍ 20 ന് രാവിലെ 9.30ന് തന്നെ ആര്‍.റ്റി.റ്റി.സിയില്‍ എത്തിച്ചേരണമെന്ന് ഡയറക്ടര്‍ അറിയിച്ചു. Dt.29.3.2017.
************************
ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍, ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ (ഹിന്ദി, അറബിക്, ഉറുദു) കോഴ്‌സുകളിലേക്ക് വകുപ്പുതല ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുവാനുളള വിജ്ഞാപനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു. വെബ്‌സൈറ്റ് www.education.kerala.gov.in. Dt.29.3.2017.
************************
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സ് വാര്‍ത്ത അവതരണത്തിനും (വിക്‌ടേഴ്‌സ് ന്യൂസ്) ബാലസൂര്യന്‍ തത്സമയ പരിപാടിക്കുമായി പുതുമുഖങ്ങളെ തേടുന്നു. പ്രോഗ്രാം അടിസ്ഥാനത്തിലുള്ള അവതാരകരുടെ പാനലാണ് തയ്യാറാക്കുന്നത്. എട്ടാംതരം മുതല്‍ ഡിഗ്രിതലം വരെയുള്ള വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം. പ്രസംഗത്തിലോ വാര്‍ത്താവതരണത്തിലോ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡേറ്റ ഏപ്രില്‍ 10-ന് മുന്‍പ് victers@gmail.com, victersnews@gmail.com എന്നീ വിലാസങ്ങളിലേക്ക് അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2529800.Dt.29.3.2017.
************************
മാര്‍ച്ച് 20ന് നടന്ന എസ്.എസ്.എല്‍.സി ഗണിതശാസ്ത്രം പരീക്ഷ റദ്ദാക്കിയതിനാല്‍ മാര്‍ച്ച് 30ന് ഉച്ചയ്ക്ക് 1.45 മുതല്‍ പുന: പരീക്ഷ നടത്തും. പുതിയ സ്‌കീമില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളും, ടി.എച്ച്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളും ഈ പരീക്ഷ എഴുതണം. പഴയ സ്‌കീമില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ 30 ലെ പരീക്ഷയ്ക്ക് ഹാജരാകേണ്ടതില്ലെന്നും പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. Dt.28.3.2017.
************************
മാര്‍ച്ച് എട്ടിന് നടന്ന എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ ഗണിതശാസ്ത്രം പരീക്ഷ റദ്ദ് ചെയ്തതിനാല്‍ മാര്‍ച്ച് 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് വീണ്ടും നടത്തും. എസ്.എസ്.എല്‍.സി ഓള്‍ഡ് സ്‌കീം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകേണ്ടതില്ല. എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍മാരുടെയും സബ്ജക്ട് എക്‌സ്‌പേര്‍ട്ട്‌സിന്റെയും മീറ്റിംഗ് മാര്‍ച്ച് 31ലേക്ക് മാറ്റി. സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ നേരത്തെ നിശ്ചയിച്ചിരുന്ന ക്യാമ്പുകളില്‍ തന്നെ ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ നടക്കും. മൂല്യനിര്‍ണയം ഏപ്രില്‍ ആറ്, 12 വരെയും, ഏപ്രില്‍ 17 മുതല്‍ ഏപ്രില്‍ 25 വരെയും നടക്കും. Dt.27.3.2017.
************************
മാര്‍ച്ച് 31 ന് നടത്താനിരുന്ന കെ.ജി.റ്റി.ഇ വേര്‍ഡ് പ്രോസസിംഗ് പരീക്ഷ ഏപ്രില്‍ ഏഴിന് നടത്തുമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു.Dt.27.3.2017.
************************
ഏത് അടിയന്തര ഘട്ടങ്ങളിലും സംസ്ഥാനത്ത് എവിടെനിന്നും 24 മണിക്കൂറും വനിതകള്‍ക്ക് ആശ്രയിക്കാവുന്നതാണ് വനിതാ ഹെല്‍പ് ലൈന്‍ പദ്ധതി മിത്ര 181. അടിയന്തരഘട്ടങ്ങളിലും അല്ലാതെയുളള സന്ദര്‍ഭങ്ങളിലും സഹായകരമായ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും മൊബൈല്‍ ഫോണില്‍ നിന്നോ ലാന്റ് ലൈനില്‍ നിന്നോ മിത്രാ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഒരേ സമയം 34 കോളുകള്‍ വരെ സ്വീകരിക്കാന്‍ സാധിക്കുന്ന കോള്‍ സെന്ററിന്റെ ആസ്ഥാനം കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലാണ്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ 181 വനിതാ ഹെല്‍പ് ലൈന്‍ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് മിത്ര 181 പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധ വകുപ്പുകളും ഏജന്‍സികളുമായി ബന്ധപ്പെട്ടും ഏകോപിച്ചുമാണ് മിത്ര പ്രവര്‍ത്തിക്കുക.Dt.27.3.2017.
************************
സംസ്ഥാന വിദ്യാഭ്യാസ വകുപ്പും എസ്.സി.ഇ.ആര്‍.ടിയും സംയുക്തമായി ഫെബ്രുവരിയില്‍ നടത്തിയ സംസ്ഥാനതല അഭിരുചി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക് www`scert.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.Dt.27.3.2017.
************************
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഭാഷ, കണക്ക്, ശാസ്ത്രം, ജിയോഗ്രഫി, ഹിസ്റ്ററി, എക്കണോമിക്‌സ്, പൊളിറ്റിക്‌സ്, നിയമം, ജേര്‍ണലിസം, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിന് ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും അധ്യാപക വൃത്തിയില്‍ അഞ്ചു വര്‍ഷത്തെ പരിചയവുമുളള തിരുവനന്തപുരം, കൊല്ലം നിവാസികള്‍ക്ക് അപേക്ഷിക്കാം. സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകരെയും പരിഗണിക്കും. മണിക്കൂര്‍ അടിസ്ഥാനത്തിലായിരിക്കും വേതനം നല്‍കുന്നത്. താത്പര്യമുളളവര്‍ വിശദമായ ബയോഡേറ്റ സഹിതം ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31. ഇ -മെയില്‍ directorccek@gmail.com.ഫോണ്‍: 2313065, 2311654.Dt.27.3.2017.
************************
മാര്‍ച്ച് 20ന് നടന്ന എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ റദ്ദ് ചെയ്ത ഗണിതശാസ്ത്ര പരീക്ഷ മാര്‍ച്ച് 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് വീണ്ടും നടത്തും. എസ്.എസ്.എല്‍.സി ഓള്‍ഡ് സ്‌കീം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകേണ്ടതില്ല. 2017 എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍മാരുടെയും സബ്ജക്ട് എക്‌സ്‌പേര്‍ട്ട്‌സിന്റെയും മീറ്റിംഗ് ഈ മാസം 31-ലേക്ക് മാറ്റി. സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ നേരത്തെ നിശ്ചയിച്ചിരുന്ന ക്യാമ്പുകളില്‍ ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ നടക്കും. മൂല്യനിര്‍ണയം ഏപ്രില്‍ ആറ് മുതല്‍ 12 വരെയും 17 മുതല്‍ 25 വരെയും നടക്കും. Dt.26.3.2017.
************************

************************

 

Ranjith Kumar A.K